Thursday, September 20, 2012



രക്തസാക്ഷി

     രാമായണത്തില്‍ വിഭീഷണന്‍ ന്യായത്തിന്റെ പക്ഷം ചേര്‍ന്നു..! അന്ന് അദ്ദേഹത്തിന് സ്വര്‍ഗരാജ്യം വിധിച്ചു...! ഇന്ന് ഏതെങ്കിലും വിഭീഷണന്മാര്‍ ന്യായത്തിന്റെ കൂട്ട് പിടിച്ചാല്‍ കാരാഗൃഹം ഫലം.!!! ഒരു അതിശയോക്തി ആണേ..!!


     “ ദൈവത്തിന്റെ സ്വന്തം നാട്.! “ പുരാണങ്ങളില്‍ ദേവാസുര യുദ്ധങ്ങള്‍ കുറെ കേട്ടിട്ടുണ്ട്. ദൈവ കൃപയാല്‍ അസുരഗണങ്ങള്‍ക്ക് മേല്‍ ദേവഗണങ്ങളുടെ ജയവും അനായാസം. അടുത്തകാലത്തായി ദൈവത്തിന്റെ സ്വന്തം നാട് അസുരന്മാര്‍ പണയത്തിനു എടുത്തിരിക്കുകയാണ്. ദേവന്മാര്‍ പണ്ട് കുടിച്ച അമൃതിന്റെ വീര്യം കുറഞ്ഞു പോയോ.??. അതോ അത് അസുരന്മാര്‍ വീണ്ടും കൈക്കലാക്കിയോ ?? ഇനി ദേവന്മാര്‍ അമൃത് തിരികെ നേടാന്‍  ഒരു മോഹിനിയെ പടച്ചു വിട്ടാല്‍ തന്നെ ഒരു മാനഭംഗ കേസ് കൂടി വാര്‍ത്തകളില്‍ ഉയര്‍ന്നു കേള്‍ക്കേണ്ടി വരും. അതുകൊണ്ടായിരിക്കും ദേവന്മാരും സുല്ല് പറഞ്ഞെന്നു തോന്നുന്നു.
     കലിയുഗത്തില്‍ അസുരന്മാര്‍ തന്നെ ചേരി തിരിഞ്ഞു രണ്ടു രീതിയില്‍ ഭരിക്കുന്നു.  പണം കൊടുത്തും, ചോര കൊടുത്തും. ഭരണരീതിക്കൊരു ഓമനപ്പേരും കൊടുത്തു “ജനാധിപത്യം”. കലികാല വൈഭവം. പണം കൊടുത്തു ഭരിക്കുന്നവരെ ഭൂര്ശ്വാസികള്‍ എന്നും ചോര കൊടുത്തു (എടുത്തും) ഭരിക്കുന്നവരെ സഖാക്കള്‍ എന്നും ചെല്ലപ്പേര് കൊടുത്തിരിക്കുന്നു.
  കലിയുഗ വിഭീഷണന്‍ ഒരു സഖാവോ ഭൂര്ശ്വാര്സിയോ അല്ല.! പക്ഷെ പ്രതികരണം ഇത്തിരി അധികം ഉള്ള , പച്ച മലയാളത്തില്‍ ചോരത്തിളപ്പ് ഇത്തിരി കൂടിയ ഒരു യുവാവായിരുന്നു..!! മഹേന്ദ്രന്‍ അഥവാ മഹി. ആയിരുന്നു എന്നു പറയാന്‍ കാരണമുണ്ട്. ചോരത്തിളപ്പ് ഒരു പത്ത് വര്ഷം മുന്‍പായിരുന്നു . ഇപ്പൊ തെക്കന്‍ ഇന്ത്യയുടെ ഒരു ഹൈടെക്ക് നഗരത്തിന്റെ ഭാഗമായിരിക്കുന്നു മഹി. സ്വകാര്യ ബഹുരാഷ്ട്ര സ്ഥാപനത്തില്‍ മാനേജര്‍ പറയുന്നത് അച്ചടക്കം അനുസരിക്കുന്ന, ന്യായവും അന്യായവും നോക്കാതെ വാല് മടക്കി ജോലി നോക്കുന്ന, ഒരു പാവം ശമ്പളക്കാരന്‍. ഒരു തരത്തില്‍ സമൂഹം അവനോടു പറഞ്ഞു. “ മോനെ ദിനേശാ .. ഇത് കാലം മാറി, ജീവിക്കണമെങ്കില്‍ നട്ടെല്ല് മടക്കിക്കോ. ആതോ സ്വന്തം ആദര്‍ശങ്ങള്‍ നടക്കണമെങ്കില്‍ അതിനുള്ള സാമ്പത്തികബന്ധു ബലം ഉണ്ടാകണം “. കാരണവന്മാര്‍ കാരണം “റിസര്‍വേഷന്‍” പോലും നഷ്ടപ്പെട്ട ഒരു നായര്‍ തറവാട്ടില്‍ ജനിച്ച ഇവന് എവിടുന്ന സമ്പത്ത്. ബന്ധുക്കള്‍ സ്വന്തം നിലനില്പിന് തന്നെ കഷ്ടപ്പെടുന്നു പിന്നെയാ മറ്റുള്ളവരുടെ കാര്യം!!
   2000..!! പുതു നൂറ്റാണ്ട്.!! കലാലയ രാഷ്ട്രീയം മുഴുവനായി അവസാനിച്ചിട്ടില്ല.. കമ്പ്യൂട്ടര്‍ ബിരുധം പഠിക്കുന്ന മഹിക്ക്  സുഹൃത്തുക്കള്‍ എന്ന് പറഞ്ഞാല്‍ ജീവനാണ്. സുഹൃത്തുക്കള്‍ ആണ് അവന്റെ ലോകം.  അവര്‍ക്ക് വേണ്ടി എന്തും ചെയ്യും . അതാണ് അവനു വിനയായതും. സഖാക്കളും ഭൂര്ശ്വകളും തമ്മില്‍ ഏറ്റു മുട്ടലുകള്‍ പതിവാണ് കാമ്പസ്സില്‍. സുഹൃത്ത് സഖാക്കള്‍ക്ക് എന്തെങ്കിലും സംഭാവിച്ചാല്‍ ഇദ്ദേഹത്തിനു സഹിക്കില്ല. ചോര തിളക്കും. കാരണമുണ്ട്. അമ്മ മരിച്ചതിനു ശേഷം പഹയന് കൂടുതല്‍ സ്നേഹം കിട്ടിയിട്ടുള്ളത് ചെങ്ങായിമാരില്‍ നിന്നാണ്. അതെ..!! മലബാറിന്റെ തലസ്ഥാനമായ കോഴിക്കോടന്‍ ക്യാമ്പസ്സില്‍ തന്നെയാണ് കഥ നടക്കുന്നത്. തല്ലു കേസുകള്‍ കുറേയുണ്ട് മൂപ്പരുടെ പേരില്‍. പക്ഷെ അതൊന്നും പോലീസ് കേസുകള്‍ ആയിട്ടില്ല. ക്യാമ്പസ്സിന്റെ നാല് ചുവരില്‍ തന്നെ തളക്കപ്പെട്ടു. എന്നാല്‍ പഹയന്‍ അസുഖം കാരണം ലീവ് എടുത്ത ദിവസം, ക്യാമ്പസ്സിന്റെ ചരിത്രത്തില്‍  ഒരു കറുത്ത അദ്ധ്യായം തന്നെ ആയിരുന്നു. ഭൂര്‍ഷ്വ-സഖാക്കളുടെ തമ്മില്‍ തല്ലില്‍ ഒരു ജീവന്‍ പൊലിഞ്ഞു. പ്രതീക്ഷയോടെ പഠിക്കാന്‍ അയച്ച ഒരു അച്ഛനും അമ്മയ്ക്കും അവരുടെ മകനെ നഷ്ടപ്പെട്ടു. അവന്‍ സഖാവാണോ എന്നറിയില്ല. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ഇപ്പുറവും ഞങ്ങള്‍ക്ക് സംശയം തന്നെ ..!! സംഗതി ഇതല്ല. ക്യാമ്പസ്സിന്റെ ഏഴയലത്ത് പോലും ഇല്ലാതിരുന്ന മഹി നാലാം പ്രതി ആയി മാറി. എങ്ങനെ? (കലികാലവൈഭവം)! ചില സമയത്ത് സഖാക്കളും ഭൂര്ശ്വകളും ഒന്നിക്കും. തല്പര കക്ഷിക്കായുള്ള സഹായം. കേന്ദ്രത്തില്‍ ഒന്നിക്കുന്നത് പോലെ.! ബലിയാട് പാവം മഹി. കോടതി കേസ് റിമാണ്ട് എല്ലാം കൂടി  വിലപിടിച്ച 6 മാസം നഷ്ടപ്പെട്ടു മഹിയുടെ ജീവിതത്തില്‍.


   അവന്‍ അറിഞ്ഞു പണത്തിന്റെ ശക്തി. അധികാരത്തിന്റെ ശക്തി. ഒന്നുമില്ലാത്തവന്റെ നിസ്സഹായാവസ്ഥ. എല്ലാം അവന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. അറിയാത്ത പിള്ള ചോറിഞ്ഞപ്പോള്‍ അറിഞ്ഞു. പോലീസിന്റെ മൂന്നാംമുറകളെക്കാള്‍ അവനെ വേദനിപ്പിച്ചത് മനസ്സിന്റെ മുറിവുകള്‍ തന്നെ ആയിരുന്നു. മനുഷ്യനില്‍ ദേവനും അസുരനും ഒരുമിച്ചു താമസിക്കുന്നു. ആരുടെ ഭാവം പ്രത്യക്ഷമായി കാണുന്നു എന്നതില്‍ ആണ് സമൂഹത്തിന്റെ പ്രതികരണവും. മഹിയുടെ അച്ഛന്റെ രോദനം, അവന്റെ സുഹൃത്തുക്കളില്‍, അദ്ധ്യാപകരില്‍ ഒരു തെല്ലു ദയ ഉണ്ടാക്കാന്‍ സാധിച്ചിരിക്കണം. അവനു വേണ്ടി അവര്‍ മൊഴി നല്‍കി. അവന്‍ ആ പതിനാല് കമ്പികളുള്ള വാടകമുറിയില്‍ നിന്ന് പുറത്തിറങ്ങി. പുറത്തിറങ്ങിയ അവന്‍ കേട്ടത് ഞെട്ടിക്കുന്ന വാര്‍ത്ത‍ ആയിരുന്നു. സത്യം പറഞ്ഞാല്‍ ആദ്യം ഞെട്ടല്‍, പിന്നെ പൊട്ടിച്ചിരി. ക്യാമ്പസ് ചുവരുകളില്‍ ഒട്ടിച്ചു വെച്ച പോസ്റ്റുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു “ ധീരസഖാവിനെ ഒറ്റിയ മൂരാച്ചിയെ പുറത്താക്കുക. സഖാവ് മഹേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക ”. ഏതു പാര്‍ട്ടിയില്‍ നിന്നാണ് പുറത്താക്കുന്നത് ??  അവന്‍ അറിയാതെ ചോദിച്ചു പോയി. അല്ല..!! പുറത്താക്കുന്നതിനു മുന്‍പ് അവന്‍ ആദ്യം അതില്‍ ചേരണ്ടേ?? ചോദ്യം ന്യായം.!! കാറല്‍ മാര്‍ക്സ്, ചെഗുവേര എന്നിവരെ കേട്ടിടുണ്ട് എന്നാ ഒരു കുറ്റമേ മഹി ചെയ്തിട്ടുള്ളൂ. പക്ഷെ അത് തന്നെയും സഖാവാക്കുമെന്നു അവന്‍ ഇപ്പോഴാണ്‌ അറിഞ്ഞത്.
  ഏതായാലും അവന്‍ ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്തു. കുറച്ചു കൂടെ സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ “ സ്വയം നാട് കടത്തി” . ഇപ്പൊ ബാംഗ്ലൂര്‍ നഗരത്തില്‍ അന്യരില്‍ അന്യനായി ജീവിതം കെട്ടിപ്പടുക്കുന്നു. ആരോടും പരിഭവവും പരാതിയും ഇല്ലാതെ .!! സ്വയം വന്ചിക്കപെട്ടു മടുക്കുന്ന സന്ദര്‍ഭങ്ങളില്‍ മഹി ഇപ്പോഴും ആലോചിക്കാറുണ്ട് , “ ജീവിതം തുടങ്ങുന്നതിനു മുന്‍പ് മരിച്ചു പോയ ആ കലാലയ സുഹൃത്തോ, അതോ സമൂഹവും സാഹചര്യവും കാരണം ജീവിതം ഹോമിക്കപ്പെട്ട് നട്ടെല്ലുറപ്പ് മറന്ന മഹിയോ “രക്തസാക്ഷി” ...!!


   അവനെ കുറിച്ചോര്‍ത്തു ഒരു നിശ്വാസത്തോടെ ഞാന്‍ ടെലിവിഷന്‍ ഓണ്‍ ചെയ്തപ്പോള്‍  കണ്ട വാര്‍ത്ത‍ “ ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു “ സഖാക്കളുടെ പാര്‍ട്ടിയില്‍ നിന്ന് സഖക്കളാല്‍ പുറത്താക്കപ്പെട്ട്, സഖാക്കളാല്‍ കൊല്ലപ്പെട്ട, യഥാര്‍ത്ഥ സഖാവ് .. “രക്തസാക്ഷി “.!!!!



പിന്‍കുറിപ്പ് : സഖാവ് എന്നതിന് സുഹൃത്ത്  എന്നും ഇവിടെ വ്യാഖാനിക്കുന്നു. അപ്പൊ മഹിയും സഖാവ് തന്നെ..!!
             ____________________________________________