Monday, July 15, 2013
     നിള..!!!

    നിള...!! ആനമലയിലെ കാടുകളില്‍ എന്തെന്നറിയാത്ത വീര്‍പ്പുമുട്ടലായിരുന്നു അവള്‍ക്ക്. സ്വച്ഛമായി ഒഴുകാന്‍ അവള്‍ക്കിടമില്ല. പാതകളിലെ കല്ലുകളിലും മുള്ളുകളിലും മരങ്ങളിലും തട്ടി അവള്‍ക്ക് മുറിവേല്‍ക്കുന്നുണ്ടായിരുന്നു. അവളുടെ കൂട്ടുകാരി ആദിവാസി കോളനിയിലെ മൈനക്കും അത് തന്നെ ഗതി. തന്റെ ജന്മദേശത്തെ കളിക്കൂട്ടുകാരിക്ക് അധികം സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവള്‍ പുരുഷന് അടിമയായിരുന്നു. ഉടുക്കാന്‍ നല്ല ഉടുപ്പില്ല. നാണം മറയ്ക്കാന്‍ അവള്‍ നന്നേ കഷ്ടപ്പെട്ടിരുന്നു. അന്ധവിശ്വാസങ്ങളും ആചാരങ്ങളും ആയിരുന്നു അവള്‍ക്ക് കൂട്ടിനു. ദുഖഭാരം ഏറുമ്പോള്‍ തന്റെ കൂട്ടുകാരിയുടെ അരികില്‍ ഇരുന്നു കരയും. സാന്ത്വനിപ്പിക്കാന്‍ തന്റെ കുളിര്‍ കരങ്ങള്‍ കൊണ്ട് മൈനയുടെ കാലുകള്‍ തഴുകി തലോടും. മൈനക്കും അത് ആശ്വാസമായിരുന്നു. ആ കുരുന്ന് ലോകം പ്രകൃതി എന്തെന്ന് അറിയുന്നതിന് മുന്‍പേ ഒരു പുരുഷന് അടിമയാകേണ്ടി വന്നു. അവന്റെ ആണത്വം ആ പിഞ്ചു ശരീരവും മനസ്സും താങ്ങിയില്ല. നിളയോട് മൈന പറഞ്ഞു.
“നീ രക്ഷപ്പെട്ടോ.. ഇല്ലെങ്കില്‍ നിന്നെയും ഇവര്‍ പിച്ചിചീന്തും. എന്നെയും കൂടെ കൊണ്ട് പോകു.”
100 അടി മുകളില്‍ നിന്നും അമ്മയുടെ മടിയിലേക്ക്‌ വീണ് കളിക്കുന്ന നിളയുടെ കൂടെ മൈനയും എടുത്തു ചാടി. പാവം ഭൂമി ദേവി ആരെ രക്ഷിക്കും.  എന്തിരുന്നാലും മൈനയുടെ ചോരക്കറ പുരണ്ട് നിള  ആ കാട്ടിലൂടലഞ്ഞു. ജനനി അവളുടെ കൂടെ തന്നെ ഉണ്ട്.
   പടിഞ്ഞാറന്‍ മലകളുടെ അടിവാരത്ത് അവള്‍ പട്ടണത്തില്‍ എത്തിയപ്പോഴേക്കും അവള്‍ കൗമാരക്കാരി ആയിരുന്നു. അവളുടെ സൗന്ദര്യം കല്‍പ്പാത്തി ഗ്രാമത്തിന്റെ പ്രിയങ്കരി ആക്കി മാറ്റി. കല്പ്പാത്തിയിലും അവള്‍ക്ക് ഒരു കൂട്ടുകരിയുണ്ടായി. പങ്കജം. അവളും പതിനേഴിന്റെ തുടിപ്പില്‍ ആ ഗ്രാമത്തില്‍ നിറഞ്ഞു നിന്നു.
    ഒരിക്കല്‍ പങ്കജവും നിളയുടെ കരയിലിരുന്ന്‍ കരഞ്ഞു. ഇത്രയും കാലം കല്‍പ്പാത്തി വരെ ഒഴുകി വെയിലേറ്റ ക്ഷീണമോ എന്തോ, നിളയുടെ കരങ്ങള്‍ പങ്കജത്തെ തഴുകിയപ്പോള്‍ ഇളം ചൂട് പങ്കജത്തിന് അനുഭവപ്പെട്ടു.
 “ നിളേ.... എന്നെയും കൂട്ടുമോ നിന്റെ കൂടെ? ഇനി ഞാന്‍.... എനിക്ക് ഇവിടെ ജീവിക്കാന്‍ പറ്റില്ല. കൂട്ടുകാര്‍ എന്ന് വിശ്വസിച്ചവര്‍ എല്ലാം എന്നെ ചതിച്ചു. ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന്റെ മാനം എന്തെന്ന് അറിയൂ. പക്ഷെ ഇവിടെ എന്‍റെ കൂട്ടുകാരികള്‍ തന്നെ എന്നെ ചതിച്ചു. അവര്‍ എന്നെ വിറ്റു. പ്രണയവും കാമവും എന്തെന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല. മനുഷ്യരെ വിശ്വസിക്കാന്‍ പറ്റില്ല. ആണായാലും പെണ്ണായാലും. നിനക്കെന്നെ ഇവിടെ നിന്ന് രക്ഷിച്ചുകൂടെ.?”
 നിള അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.ഒന്നും മിണ്ടാതെ പങ്കജത്തിനെ അവള്‍ മടിയില്‍ കിടത്തിയുറക്കി. ആരോടെന്നില്ലാത്ത ദേഷ്യം നിള ആ ഗ്രാമത്തിനോട്‌ നിള കാണിച്ചു. പിന്നീട് പങ്കജത്തിനേയോ, നിളയുടെ സൌന്ദര്യത്തെയോ കല്‍പ്പാത്തി കണ്ടിട്ടില്ല. നിള വരണ്ടുണങ്ങിയ ഒരു കിഴവിയെ പോലെ ശരദ്ധിച്ചും വിസര്‍ജിച്ചും  തന്റെ പ്രതികാരം ആ ഗ്രാമത്തിനോട്‌ തീര്‍ക്കുന്നു.
   നിള ഒഴുകിയത് മനസ്സിന്റെ താളം വീണ്ടെടുക്കാനായിരുന്നു. തിരുവില്വാമലയില്‍ ദശരഥനന്ദനെയും, നാവാമുകുന്ദനെയും, ചമ്രവട്ടത്ത്കളിയുഗവരദനെയും കണ്ടു. ഇവര്‍ എല്ലാവരും അവളോട്‌ പറഞ്ഞത്. പിതൃക്കളെ സ്മരിക്കുക. എന്നും അവള്‍ അത് മുടക്കാതെ ശ്രീരാമന്റെയും, നാവമുകുന്ദന്റെയും നടയ്ക്കല്‍ മുടങ്ങാതെ ചെയ്തു പോന്നു.
  ഇന്ന് അവള്‍ സ്ത്രീയാണ്. അതവളുടെ ശാപവുമായി. അവളെ പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആണുങ്ങള്‍ വിലപറഞ്ഞിരിക്കുന്നു. അവളുടെ മാറിടവും നാഭിയും അവര്‍ പങ്കുവച്ചു. അവളുടെ മാനം മണല്‍ ലോറികളില്‍ തൂക്കി വില്‍ക്കപ്പെട്ടു. മരണത്തോടടുക്കുന്ന അവള്‍ ശേഷപ്രാണന്‍ കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഒഴുകി.
    അവള്‍ എത്തിയത് പൊന്നാനിയില്‍. പൊന്നാനിപ്പള്ളിയിലെ കുരുന്നു ആണ്‍തരികളുടെ കരച്ചില്‍ അവള്‍ക്ക് അസഹനീയമായിരുന്നു. ഒടുവില്‍ അവള്‍ എത്തിയത് ഒരു അറബിയുടെ മുന്‍പില്‍.
അപ്പോഴേക്കും അവള്‍ നിസ്സഹായ ആയി തീര്‍ന്നിരുന്നു. അവിടെ നിന്ന് കേട്ട കഥകള്‍ ഇതൊരു സ്ത്രീക്കും താങ്ങില്ല. കൗമാരം പോലും തികയാത്ത പെണ്‍തരികളെ അവര്‍ ഈ അറബികള്‍ക്ക് നിക്കാഹ് ചെയ്തു കൊടുക്കും. നിക്കാഹ് ഒരു ചടങ്ങ് മാത്രമായിരുന്നു. കാഴ്ച്ചവെയ്ക്കല്‍. വര്‍ഷത്തില്‍ എപ്പോഴെങ്കിലും പേര്‍ഷ്യയില്‍ നിന്ന് വരുന്ന പണത്തിന് വേണ്ടി. അത് ഊന്നി പിടിക്കാന്‍ ഒരു സമുദായവും. ഇവിടെ നിളയെയും രക്ഷിക്കാന്‍ ആരുമില്ല. പൊന്നാനിപ്പള്ളിയിലെ മോയിലിയാരോ, വേറെ ഹാജിമാരോ നിളയുടെ മതം മാറ്റിയോ? അറിയില്ല. പക്ഷെ അവളും അറബിയുടെ കരങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു.
  അവള്‍ക്ക് പക്ഷെ പേര്‍ഷ്യയില്‍ നിന്ന് ആരും ഒന്നും കൊടുക്കുന്നില്ല. വിഴുപ്പും ചപ്പും ചവറും പേറി ഇന്നും അവള്‍ ആ അറബിക്കാരന്റെ കരങ്ങളില്‍ കഴിയുന്നു. പക്ഷെ ആനമലയിലും, കല്പ്പാത്തിയിലും, ഒറ്റപ്പാലത്തും, പട്ടാമ്പിയിലും കിട്ടാത്ത സുഖം അവള്‍ക്ക് ആ അറബിയുടെ കരങ്ങളില്‍ കിട്ടുന്നുണ്ടാകാം.
       മരണത്തോടടുക്കുമ്പോഴും നിള ഓര്‍ത്തുവെക്കുന്നത് എന്താണെന്നു മാത്രം ഒരു കടങ്കഥ. തുഞ്ചന്‍ പറമ്പില്‍ തന്നെ നോക്കി പാടിയിരുന്ന തത്തയേയോ? കിള്ളിക്കുറിശിമംഗലത്തെ ഓട്ടംത്തുള്ളലോ? കുടല്ലൂരില്‍ തൂതയായി ഒഴുകിയപ്പോള്‍ തീരത്തിരുന്നു ഒരമ്മയെന്ന പോലെ തന്നെ സ്നേഹിച്ച കഥാകാരന്‍ പറഞ്ഞു കൊടുത്ത നാലുകെട്ടിനെയോ? അറിയില്ല. ചില കടങ്കഥകള്‍ക്ക് ഉത്തരം കിട്ടാറില്ല. സ്വയം ദുഃഖം പേറി മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അകറ്റിയത് കൊണ്ടാണോ തുഞ്ചന്‍പറമ്പിലെ കാരണവര്‍ അവളെ “ശോകനാശിനി” എന്ന് വിളിച്ചത്. പക്ഷെ മരണത്തോടടുക്കുമ്പോഴും നിള ചിരിക്കാറുണ്ട്, കരയാറുണ്ട്. ദേഷ്യപ്പെടാറുണ്ട്. അണയാന്‍ പോകുന്നതിനു മുന്‍പുള്ള ആളിക്കത്തല്‍ പോലെ...! അതെ നിള ഒഴുകുകയാണ്. ഒരു അഭിസാരികയെ പോലെ...!!    

Sunday, June 2, 2013

മഴ ഒരു ഗസലായ് പെയ്തിറങ്ങുന്നു..
താന്‍സന്‍ പാടിയ രാഗവും പേറി...
കുളിരായ് പെയ്തിറങ്ങുന്നു മണ്ണില്‍..
നനവാര്‍ന്നോര്‍മ്മകള്‍ നിറയുന്നു മനസ്സില്‍...!!

Monday, May 20, 2013

നീര്‍തുള്ളികള്‍ ചേര്‍ന്നൊരു കാട്ടരുവി
പോയ്‌ ചേര്‍ന്നിതാ പെരിയാറ്റില്‍
പെരിയാറോ പോകുന്നു തന്‍ കാന്തനെ തേടി
കാന്തനോ, പടിഞ്ഞാറ് മാറോട് ചേര്‍ത്തണയ്ക്കുന്നു സഖിയേ...!!

നരജന്മങ്ങള്‍ അകലുന്നു സ്നേഹപാലാഴിയാം
പൊക്കിള്‍ക്കൊടിയില്‍  നിന്നും,
തേടുന്നു പരസുഖം അനുനിമിഷമൊടുവില്‍,
മലീമസമാക്കിടും സ്ത്രീജന്മവും..!!

Wednesday, March 6, 2013
പുനര്‍ജ്ജന്മം.
==================================================================


   മലീമസമായ അറയില്‍ നിന്നും എന്നെ പുറത്തെടുക്കുമ്പോള്‍ എന്‍റെ ദേഹമാസകലം ചോരയായിരുന്നു..!! പുറത്ത് നല്ല തണുപ്പ്..!! പ്രാണവേദന സഹിച്ച ഒരു സ്ത്രീയുടെ കിതപ്പ് ഞാന്‍ കേട്ടൂ...!! എന്‍റെ ചുറ്റും ശുഭ്ര വസ്ത്രധാരികള്‍ മൂക്കും വായും മൂടി നില്‍ക്കുന്നു...!! അതിലൊരാള്‍ തലകീഴായി തൂക്കി എന്‍റെ ചന്ദിക്ക് ഒരു അടി..!! വേദന കൊണ്ട് പുളഞ്ഞു ഞാന്‍ ആര്‍ത്തു നിലവിളിച്ചു..! കട്ടിലില്‍ കിടന്നു കിതക്കുന്ന സ്ത്രീയുടെ കണ്ണിലും അശ്രു... പക്ഷെ ചുണ്ടില്‍ തെളിഞ്ഞ ചിരിയും...!! “വട്ടാണല്ലേ....” ഞാന്‍ ചോദിയ്ക്കാന്‍ ശ്രമിച്ചു.. പക്ഷെ എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല ... വാക്കുകള്‍ മറന്നുപോയിരിക്കുന്നു..!! വീണ്ടും ആര്‍ത്തു കരഞ്ഞു...! അത് മാത്രമേ എനിക്ക് അപ്പൊ കഴിയുമായിരുന്നുള്ളൂ..
    ശരീരം പൊള്ളുന്ന ഒരു ചെറിയ ഓര്‍മ്മ മാത്രമേ എനിക്കുള്ളൂ. പിന്നിട് ഞാന്‍ എപ്പോ ഈ അറയില്‍ എത്തി? അറിയില്ല.. ദൈവത്തിന്റെ ഓരോ കളി.. ഈ ഓര്‍മകളില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍.. ഒരു നേര്‍ത്ത തുണിയില്‍ എന്നെ പുതപ്പിച്ചു ആ സ്ത്രീയുടെ അരികില്‍ കിടത്തി.. ശുഭ്രവസ്ത്രധാരികള്‍ക്ക് നന്ദി. എനിക്ക് തണുക്കുന്നെന്നു അവര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ സ്ത്രീയുടെ ചൂട് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
   ഇനി മനുഷ്യന്റെ അടുത്ത ആവശ്യം “ശാപ്പാട്”. നല്ല ചിക്കനും പോത്തും എല്ലാം കഴിച്ചാല്‍ കൊള്ളാമെന്നായി , വീണ്ടും ഞാന്‍ ഞെട്ടി. എന്‍റെ പല്ലുകള്‍ എവിടെ? ഞാന്‍ എഴുന്നേറ്റ് കണ്ണാടിക്കരികെ പോകാന്‍ ശ്രമിച്ചു. ഇതെന്തു മറിമായം എനിക്ക് അതിനും പറ്റുന്നില്ല. വീണ്ടും ദേഷ്യം. സര്‍വ സ്വതന്ത്രനായി നടന്ന എനിക്ക് വിധിച്ചത് ഇതെന്താണ്?? എന്താണ് എനിക്ക് സംഭവിച്ചത്. ഞാന്‍ ഉറക്കെ അലറി. ആ സ്ത്രീ പക്ഷെ എന്നെ അവരുടെ മാറോടണച്ചു. മുലയൂട്ടി. “ഹേ.. സ്ത്രീ നിങ്ങള്ക്ക് ലജ്ജയില്ലേ ..??? ഞാന്‍ പുരുഷനാണ് നിങ്ങള്‍ ഈ ചെയ്യുന്നത് പതിവ്രതക്ക് ചേര്‍ന്നതോ??” എന്‍റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു...!! അവര്‍ പറയുന്നത് ഞാന്‍ കേട്ടു. “അമ്മയുടെ പൊന്നുമോന്‍ പാല് കുടിക്ക്.” ഞാന്‍ ഞെട്ടി .. തിരിച്ചറിഞ്ഞു..!! ഇതെന്റെ പുനര്‍ജ്ജന്മം. അതെ..  ഇന്നലെ വരെ എന്താണെനിക്ക് സംഭവിച്ചത് ? എന്‍റെ പേരെന്തായിരുന്നു.? ഒന്നുമെനിക്ക് ഓര്‍മ്മയില്ല...
  ഏറെ സമയത്തിന് ശേഷം വളരെ പരിചയമുള്ള പുരുഷഗന്ധം.. “ എടാ.. നിന്റെ അച്ഛനാടാ ഞാന്‍.. എന്‍റെ മുത്തേ” അതെ ഞാന്‍ ഇയാളുടെ അടുത്ത് കിടന്നിട്ടുണ്ട്. പക്ഷെ എന്‍റെ ചുറ്റും ഇരുട്ടായിരുന്നു. ഈ ശബ്ദം മാത്രം കേള്‍ക്കാം. ഞാന്‍ കിടന്ന അറയുടെ പുറം പാളികളില്‍ ഇയാള്‍ ചുംബിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ സ്നേഹം ഞാന്‍ അറിഞ്ഞിട്ടുണ്ട്. അപ്പോള്‍ ആ അറ ഈ സ്ത്രീയുടെ ഗര്‍ഭപാത്രമോ? ഇവര്‍ എന്‍റെ അമ്മയോ? അപ്പൊ ഇന്നലെ  വരെ എന്‍റെ അമ്മ ആരായിരുന്നു.?  എനിക്ക് ഓര്‍മ്മയില്ല. ഒന്ന് മാത്രം ഓര്‍മ്മ... ഇവര്‍ എന്നെ പ്രസവിച്ചിരിക്കുന്നു. എന്‍റെ പുതിയ അമ്മ. പഴയത് ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ പറ്റുന്നില്ല.
    ഒരുകണക്കിന് അതായിരിക്കും നല്ലത്. പോയജന്മത്തിലെ പാപങ്ങള്‍ എന്തിന് ഓര്‍ത്തെടുക്കണം. അന്ന് ഞാന്‍ ഒരാഭാസനായിരുന്നെങ്കില്‍? ലോകത്തിനും കുടുംബത്തിനും വേണ്ടാത്ത ഒരു താന്തോന്നി ആയിരുന്നെങ്കില്‍.? ആര്‍ക്കറിയാം.. ? ആരും സാക്ഷിയില്ലല്ലോ.? ഇപ്പൊ ഞാന്‍ ഈ ലോകത്തില്‍ തികച്ചും പുതിയമുഖം. ആരും സാക്ഷി പറയാനും കുറ്റം പറയാനും ഇല്ല.
 അമ്മയുടെ സ്നേഹക്കൂട്ടില്‍ പാലും കുടിച്ച് നിദ്രയിലേക്ക് വഴുതിവീഴവേ... ഞാന്‍ ഒരു അപരിചിതന്റെ ജീവിതം സ്വപ്നം കണ്ടു. ഭയാനകം.
    ആരംഭത്തില്‍ അയാള്‍ 20 വയസ്സുകാരന്‍. കലാലയത്തിലെ സര്‍വശക്തന്‍. പക്ഷെ എന്നോ ആ അധികാരം അവന്റെ ചിന്തകളെ മാറ്റി മറിച്ചു. അവനു ഭയം ഇല്ലാതായി. സഹജീവികളോടുള്ള സ്നേഹം അവന്‍ മറന്നു. അമ്മ അച്ഛന്‍ എല്ലാവരെയും അവന്‍ വേദനിപ്പിച്ചു. നാട് നീളെ അവനു ശത്രുക്കള്‍. പണത്തിനു വേണ്ടി കൊല്ലുന്ന സംഘത്തലവനായി. ചോരകണ്ട്  അറപ്പ് വരാത്ത ജന്മം. അവനെക്കാള്‍ ഭേദം മൃഗം എന്ന് സമൂഹം പറഞ്ഞു. അവനെ ജീവനോടെ നിര്‍ത്തിയത് സമൂഹത്തിനു അവനോടുള്ള പേടി ആയിരുന്നു. അതായിരുന്നു അവന്റെ ധൈര്യവും. സ്ത്രീ അവനു കാമം തീര്‍ക്കാനുള്ള വെറും ഒരുപകരണം. വയസ്സറിയിക്കാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും അവന്‍ വെറുതെ വിട്ടില്ല.
അവനെ പെറ്റ വയറു എത്രയോ ശാപം ഏറ്റുവാങ്ങിയിറ്റുണ്ടെന്നറിയില്ല. ചൂത്, മദ്യം, ലഹരി എല്ലാം അവനു ശീലമായിരുന്നു. പിന്നിടെപ്പോഴോ ഒരു വേശ്യയെ തന്നെ അവന്‍ ഭാര്യ ആക്കി. അവര്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നു. അതൊന്നും അവനറിയില്ലായിരുന്നു. അവന്റെ ഭാര്യയും അവനു വെറും രതിഭോഗതിനുള്ള വസ്തു. 3 മാസം ഒന്നിച്ചു ഒരു കൂരക്കുള്ളില്‍ കഴിഞ്ഞെന്നല്ലാതെ പിന്നിട് അവന്‍ അവരെ കണ്ടിട്ടില്ല. ഒടുവില്‍ പ്രായം തികയാത്ത സ്വന്തം മകളെയും അയാള്‍ പിച്ചി ചീന്തിയപ്പോള്‍ അയാള്‍ക്ക് സ്വഭോധം നഷ്ടപ്പെട്ടിരുന്നു. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? എല്ലാം ലഹരി ആയിരുന്ന അയാള്‍ക്ക് സ്വന്തം ചോര ഏതെന്നു തിരിച്ചറിയാന്‍ പറ്റാതെ പോയി. ഒടുവില്‍ തെരുവുപട്ടിയെ പോലെ സ്വന്തം അമ്മയും ഭാര്യയും ഉടയവരും ചേര്‍ന്ന് കല്ലെറിഞ്ഞു ഓടിക്കുമ്പോള്‍  ആ സമൂഹവും പങ്കുചേര്‍ന്നു. നഗരത്തിന്റെ നടുവിലുള്ള കുപ്പത്തൊട്ടിയില്‍ തിരിച്ചറിയാത്ത ഒരു ശവമായി അവന്‍ മാറിയപ്പോള്‍ തെരുവുപ്പട്ടികള്‍ പോലും അവന്റെ ശവത്തിന്റെ അടുത്ത് ചെല്ലാന്‍ അറച്ചു. ചോര ചിന്നിച്ചിതറി. രണ്ടു കണ്ണുകളും ആ ശരീരത്തില്‍ നിന്ന് അടര്‍ന്നു വീണിരുന്നു. വയറു പിളര്‍ന്നു കുടല്‍മാല പുറത്തു ചിതറി കിടക്കുന്നു. ഈച്ചകള്‍  ചോര നുണയന്‍ വെമ്പല്‍ കൊണ്ടു.
 ഉറക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടിയെണീറ്റു കരഞ്ഞു. എന്‍റെ അമ്മ പിന്നെയും പറഞ്ഞു “ എന്‍റെ വാവക്ക് വിശക്കുന്നുണ്ടോ?” അമ്മയുടെ സ്നേഹം പാലായി ഞാന്‍ രുചിക്കുമ്പോള്‍ എനിക്ക് സമാധാനമുണ്ടായിരുന്നു. പക്ഷെ എന്‍റെ മനസ്സിലെ ചോദ്യം ഇതായിരുന്നു. അതെന്റെ കഴിഞ്ഞ ജന്മം ആയിരുന്നോ? അത് ഞാനായിരുന്നോ? എങ്കില്‍ എനിക്ക് വളരേണ്ട.... എനിക്ക് വലുതാകേണ്ട.. എനിക്ക് പുറംലോകം കാണേണ്ട. ഈ അമ്മമരത്തിന്‍റെ തണലും പറ്റി ജീവിച്ചാല്‍ മതി. മനസ്സ് കൊണ്ട് ഞാന്‍ എന്‍റെ പുതിയ അമ്മയോട് പറഞ്ഞു. “ അമ്മേ, പോയ ജന്മത്തിലെ പാപങ്ങള്‍ എനിക്ക് ഈ ജന്മത്തില്‍ അനുഭവിക്കണമെങ്കില്‍ അത് വേണ്ട.. എന്നെ ഒന്ന് കൊന്നു തരുമോ?? അതിലും വലിയൊരു ശാപമോക്ഷം എനിക്കില്ല.. അമ്മേ... അമ്മേ... ” പാവം, തന്റെ പ്രാണനെ ആ സ്ത്രീ എങ്ങനെ ത്യജിക്കും???

Tuesday, January 29, 2013ദേശാടനം
    21 ദിവസത്തെ നോയമ്പും നോറ്റ് ശ്രീധര്‍മ്മശാസ്താവിനെയും കണ്ടു തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് അനുവദിച്ചു കിട്ടിയ അവധി ഇനിയും ബാക്കി. എന്ത് ചെയ്യണം? അറിയില്ല. ഒരു ഊഹവും ഇല്ല. ഈ കഴിഞ്ഞ 4 ദിവസം കൊണ്ട് കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങള്‍ ദര്‍ശിച്ചു. പറശ്ശിനിക്കടവ്, ഗുരുവായൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍, വൈക്കം, ഏറ്റുമാനൂര്‍, എരുമേലി ശബരിമല. കേരളത്തിന്‍റെ വടക്ക് മുതല്‍ തെക്ക് വരെ യാത്ര ചെയ്തു. ഇനി എന്ത്? മനസ്സ് അലയുകയാണ്.എന്ത് കൊണ്ട് എനിക്കും ആയിക്കൂടാ?
     
  ഞാന്‍ യാത്രക്കൊരുങ്ങി. ആരോടും ഒന്നും പറഞ്ഞില്ല. പറയാന്‍ നേരമുണ്ടായില്ല. രണ്ടു ജോഡി ഡ്രെസ്സും കരുതി, വീടും പൂട്ടി നടന്നു. ബൈക്ക് എടുത്തില്ല. ലക്‌ഷ്യം ആദ്യം കാണുന്ന ബസ്സ്‌ കയറണം. അത് എവിടെ നിര്‍ത്തുന്നോ അവിടെ ഇറങ്ങണം. അതായിരുന്നു ഉദ്ദേശവും. പക്ഷെ ആ ഹൈവേയില്‍ കുറെ നേരം നിന്ന് . ഒരു ദീര്‍ഘദൂര ബസ്സും കണ്ടില്ല. ഒരു നാഷണല്‍ പെര്‍മിറ്റ്‌ ലോറിക്ക് കൈ കാണിച്ചു. കയറി ഇരുന്നു. ഡ്രൈവറിന്റെ നല്ല മനസ്സ്. വണ്ടി നിര്‍ത്തി.
    തമിഴ് നാട് നമ്പര്‍ ആയിരുന്നെങ്കിലും, ഞാന്‍ എവിടെക്കാണെന്ന് ഡ്രൈവര്‍ ചോദിച്ചത് കന്നടത്തില്‍ “ എല്ലി ഹോഗ ബേക്ക് സര്‍”
ഞാനും എനിക്കറിയാവുന്ന കന്നടത്തില്‍ തന്നെ ഉത്തരം പറഞ്ഞു.
“ താവു എല്ലി ഹോഗ്തിരോ, നാനു അല്ലിഗെ.. “ ( താങ്ങള്‍ എങ്ങോട്ടോ ഞാനും അങ്ങോട്ട്‌ )
 അടിമുടി എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് അദ്ദേഹം ഫസ്റ്റ് ഗിയര്‍ ഇട്ടു.
“നീങ്കല്‍ മലയാളിയോ?? “ ഡ്രൈവര്‍ അണ്ണന്‍ ചോദിച്ചു.

എല്ലാ മലയാളികളുടെ മുഖത്തും ഒരു നെയിം സ്ലിപ് പോലെ ഒട്ടിച്ചു വച്ചിട്ടുണ്ടാകുമല്ലോ “ ഞാന്‍ മല്ലു “ എന്ന്.
ഞാന്‍ ഒന്ന് മൂളി “ ഉം “.
“നാന്‍ വേലു. ഏന്‍ ഊര് പൊള്ളാച്ചി. ഇപ്പൊ ഇന്ത ലോഡ് പൊറത് അമ്പാസമുതിരം. “ അത് വരൈക്കും വരിയാ.”

 സ്ഥലം ആദ്യമായി കേള്‍ക്കുകയാണ്. തിരുനെല്‍വേലി ജില്ല ആണെന്ന് ഡ്രൈവര്‍ തന്നെ പറഞ്ഞു. ഒന്നാലോചിച്ചിട്ട് ഞാന്‍ പറഞ്ഞു “ നാനും വാറെന്‍”. ഡ്രൈവര്‍ ചിരിച്ചു. “ നാളെ സായംകാലം താന്‍ അങ്കെ പോയി സേരും”
“ശരി.”
യാത്രക്കിടയില്‍ ഡ്രൈവറെ ശരിക്കും പരിചയപ്പെട്ടു. വിദ്വാന്‍ ഒരു തികഞ്ഞ മനുഷ്യസ്നേഹി ആയിരുന്നു. നാട്ടിലുള്ള കൊച്ചുവീടും, തന്റെ ജീവന്റെ ജീവനായ താമര എന്ന കൊച്ചുമോളേയും  കുറിച്ച് മാത്രമേ അയാള്‍ക്ക് പറയനുണ്ടയിരുന്നത്. സമയം രാത്രി 11 മണിയോടടുത്തിരുന്നു. നല്ല വിശപ്പ്‌. വണ്ടി സേലം കഴിഞ്ഞു. ഒരു ടാസ്മാക് ബാറിന്റെ അടുത്ത് വണ്ടി നിര്‍ത്തി. അതിനടുത്തായി തന്നെ ഒരു ചെറിയ ഭക്ഷണശാലയും ഉണ്ടായിരുന്നു. അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. ടാസ്മാക്കിന്റെ മുന്നിലെ തിരക്ക് മാത്രം അസഹനീയം. രജിനികാന്തിന്റെ സിനിമ റിലീസ് ആയോ എന്ന് തോന്നിപ്പോകും അത് കണ്ടാല്‍. എന്നാല്‍ ഡ്രൈവര്‍ക്ക് അയാളുടെ പതിവ് ഒരു പോടീചെക്കന്‍ കൊണ്ടുകൊടുത്തു. ഡ്രൈവര്‍ എന്തോ ആ ചെക്കന്റെ ചെവിയില്‍ പറഞ്ഞു. അവന്‍ ഓടിപ്പോയി.
“ നീങ്കെ അടിപ്പീങ്കളാ??? “

ഞാന്‍ എന്റെ 32 പല്ലും കാട്ടി ഇളിച്ചു.

ചെക്കന്‍ ദാ വരുന്നു ഒരു ക്വാര്‍ട്ടര്‍ ബോട്ടിലുമായി വന്നു. “ മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി”.
ഞാന്‍ സസന്തോഷം എന്റെ സ്റ്റൈലില്‍ കുപ്പി പൊട്ടിച്ചു ഒഴിച്ച് ആദ്യത്തെ പെഗ് ഒരു ചിയേര്‍സ് ഡ്രൈവെറോട് പറഞ്ഞു അകത്താക്കി.
ഹാ.. എന്ത് സുഖം..!!! ഡ്രൈവര്‍ കുടിക്കുന്ന സ്റ്റൈല്‍ കണ്ടപ്പോള്‍ ഉള്ള സുഖം അങ്ങ് പോയി. ഒരു ക്വാര്‍ട്ടര്‍ ഒരു ഗ്ലാസ്സ് ആക്കി കുടിച്ചു. അത് തീരേണ്ട താമസം അടുത്തത് ഒഴിക്കുകയും ചെയ്തു. ദൈവമേ..!!! അറിയാതെ വിളിച്ചു പോയി ..!!
  5 മിനിട്ടിനുള്ളില്‍ ദാ വരുന്നു ഒരു തമിഴ് പാട്ട്. ഒരു നാടോടി തമിഴ് പാട്ട്. കേള്‍ക്കാന്‍ നല്ല സുഖമുള്ള ഈണം. ഡ്രൈവറണ്ണന്റെ സൌണ്ടും സൂപ്പര്‍. സലിം കുമാര്‍ പറഞ്ഞത് പോലെ “ സൌണ്ട് സൂപ്പര്‍ പക്ഷെ സ്പീക്കര്‍ ഘടിപ്പിച്ചിരിക്കുന്നത് ട്രാക്ടറില്‍ ആണെന്ന് മാത്രം “. ആ പാട്ടിലെ വരികളില്‍ മുഴുവന്‍ തന്റെ കൊച്ചുമകളോടുള്ള സ്നേഹമായിരുന്നു. അവളുടെ ഓര്‍മ്മകളായിരുന്നു. മനസ്സിനെ ഒന്നീറന്‍ അണിയിച്ചു ആ പാട്ട്. ഞാന്‍ എന്റെ കുപ്പി തീര്‍ത്തപ്പോഴേക്കും ദേവലോകത്തെത്തിയിരുന്നു. നല്ല ചൂട് മുട്ട കുത്തുപൊറോട്ടയും കഴിച്ചു ഞാന്‍ ആ ലോറിയില്‍ ഏന്തിവലിഞ്ഞു കയറി. കിക്ക് ആയതു കൊണ്ടായിരിക്കും, ലോറിക്ക് ആദ്യം തോന്നാത്ത ഉയരം ഈ തവണ കയറിയപ്പോള്‍ തോന്നി. 2 ക്വാര്‍ട്ടര്‍ 2 ഗ്ലാസ്സാക്കി കുടിച്ച വേലു അണ്ണന്‍, ആട് തോമ സ്റ്റൈലില്‍ ലോറിയില്‍ ചാടി കയറി. വണ്ടി ഓടിക്കാന്‍ തുടങ്ങി. അദ്ദേഹം സന്തുഷ്ടനാണ്, ജീവിതത്തില്‍ കൊച്ചുമോള്‍, അവളുടെ ജീവിതം, അയാളുടെ പ്രതീക്ഷ. കണ്ണുകളിലെ ആ തിളക്കം കണ്ടാല്‍ മദ്യപിച്ച ഒരാളാണെന്ന് തോന്നില്ല. പക്ഷെ ഞാന്‍, എന്റെ മനസ്സ്, എല്ലാം ദേശാടനത്തിലാണ്. എന്തിനോ വേണ്ടി തിരയുന്നു. യാത്ര തുടര്‍ന്നു
     മുന്‍പത്തെക്കാള്‍ വേഗം കൂടുതലുണ്ട് ഇപ്പൊ വണ്ടിക്ക്. കുഴഞ്ഞ നാവു കൊണ്ട് സകല ദൈവങ്ങളെയും വിളിച്ചു ഞാന്‍ കാണും അടച്ചു ഇരുന്നു. സീറ്റിന്റെ പിന്നില്‍ ചെറിയ ഒരു പലക കാണിച്ചുകൊണ്ടു അണ്ണന്‍ പറഞ്ഞു.  “ അങ്കെ പടുത്തുക്കോ”
 എന്റെ ശരീരം മുഴുവന്‍ ആ പലകയില്‍ കൊണ്ടില്ല. എങ്കിലും ഒതുങ്ങി കൂടി ഞാന്‍ കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

             ഉണങ്ങി വരണ്ട കാട്..!! മുളംചില്ലകളും പുല്ലുകളും എല്ലാം തീയില്‍ ആളി കത്തുന്നു. അവിടിടെ വികൃത രൂപങ്ങള്‍ മനുഷ്യരെ കൊന്നൊടുക്കുന്നു. കാട്ടുതീയില്‍ നിന്നും, ആ വികൃത രൂപങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ഓടി. ദാഹിക്കുന്നു.. വെള്ളം ഇല്ല... ദൂരെ നിന്ന് അമ്മയുടെ രോദനം “ മോനെ...!! “ എനിക്ക് അമ്മയുടെ അടുത്തെത്തണം. ശബ്ദം കേട്ട ഭാഗത്തേക്ക് കുതിക്കുന്തോറും അമ്മയുടെ രോദനം അകന്നു കൊണ്ടേയിരുന്നു..!! ദാഹം കൂടുന്നു ഞാന്‍ അലറിക്കരഞ്ഞു ആരും കേള്‍ക്കാനില്ല. ഓടുന്ന വഴികളിലായി അങ്ങിങ്ങ് കൂട്ടക്കൊലകള്‍ നടക്കുന്നു. ചിതറി തെറിച്ച രക്തം എന്നെ കുളിപ്പിച്ചിരിക്കുന്നു. ആ വികൃത രൂപങ്ങള്‍ എന്നെ നോക്കി അട്ടഹസിക്കുന്നു..!! ഞാന്‍ വീണ്ടും ഓടി ഒരു മരക്കുറ്റിയില്‍ തട്ടി തടഞ്ഞു ഞാന്‍ വീണു. എഴുന്നേറ്റു നോക്കുമ്പോള്‍ എന്റെ തറവാടിന്റെ മുറ്റത്ത്‌. ഒന്നാം നിലയിലെ ജനല്‍വരികള്‍ക്കപ്പുറത്തു കരയുന്ന അമ്മയുടെ മുഖം ഞാന്‍ കണ്ടു. “ അമ്മേ ..!! ഞാന്‍ അലറി.” ഞാന്‍ ഞെട്ടി എഴുന്നേറ്റു. കണ്ടത് ദുസ്വപ്നം ആയിരുന്നെന്ന് മനസ്സിലാക്കാന്‍ കുറച്ചു  നിമിഷങ്ങള്‍ വേണ്ടി വന്നു. അമ്മയുടെ കരയുന്ന മുഖം ഇപ്പോഴും മനസ്സില്‍ തന്നെ കിടക്കുന്നു.. 
     “തമ്പി.... തമ്പി... എന്നാച്ച്‌??”
  
 നോക്കിയപ്പോള്‍ വേലു അണ്ണന്‍റെ പാക്ക് പുരണ്ട പല്ലുകള്‍ കാണിച്ചുള്ള ചിരി ആയിരുന്നു കണി. സമയം ഉച്ചക്ക് ഒരു മണിയോടടുത്തിരിക്കും.
 “ കെട്ട കനവു ഏതാവത് പാത്തിയാ..??” അണ്ണന്‍ വീണ്ടും ചോദിച്ചു. ഞാന്‍ ചിരിച്ചു.
“ ഇത് എന്തയിടം?” .. ഞാന്‍ തിരിച്ചു ചോദിച്ചു.
“ശിവകാസി”
മധുരയും കഴിഞ്ഞു ഒരു നൂറ് കിലോമീറ്ററോളം വന്നിരിക്കുന്നു.

“ ഫ്രഷ്‌ ആകാനും നാ പോയിട്ട് വാങ്കോ സര്‍..”
ഞാന്‍ കുറച്ചു നേരം എന്തോ ആലോചിച്ചിട്ട് പറഞ്ഞു.
“ അണ്ണാ, നാന്‍ ഇങ്കെ ഇറങ്കിക്കിരെന്‍”
“ ഏന്‍ സര്‍”
“ ഇല്ലേ അണ്ണാ. ഒരു ചിന്ന വേല ഇരുക്കുത്”
“ ഉങ്ക ഇസ്ടം “
ഞാന്‍ എന്റെ ബാഗ്‌ എല്ലാം എടുത്തിറങ്ങി. വേലു അണ്ണനോട് ശിവകാസിയുടെ ഒരു “ഭൂപ്രകൃതി” മനസ്സിലാക്കി, കുറച്ചു കാശ് അധികം കൊടുത്തു. കൊച്ചുമോള്‍ക്ക് എന്റെ വക ഒരു സമ്മാനം വാങ്ങാന്‍ ചട്ടം കെട്ടി. അത് വഴി പോയ ഒരു ബസ്സ്‌ കയറി തിരിച്ചു ശിവകാസി ടൌണില്‍ എത്തി.
ഒരു ലോഡ്ജില്‍ ഒരു സിംഗിള്‍ റൂം എടുത്തു ഒന്ന് ഫ്രഷ്‌ ആയി. പുറത്തു പോയി നല്ല ഒരു ഊണും കഴിച്ചു തിരിച്ചു വന്നു കിടന്നുറങ്ങി. വൈകുന്നേരം ഒരു ഏഴു മണി ആയപ്പോള്‍ ഞാന്‍ വീണ്ടും ഒന്ന് കുളിച്ചു.. പൊള്ളുന്ന ചൂടാണ്.
  വീണ്ടും യാത്ര തുടരാന്‍ തിരുമാനിച്ചു. ഈ തവണ ഒരു ലക്ഷ്യം ഉണ്ട്. കന്യാകുമാരി. പോകണം. തര്‍പ്പണം നടത്തണം അമ്മക്ക്. ഇപ്പോഴും അമ്മയുടെ കരയുന്ന മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. എന്നെ വിട്ടു പോയിട്ട് പത്ത് വര്‍ഷം ആകുന്നു. മനസ്സൊന്നു പിടഞ്ഞു. മധുരയില്‍ നിന്ന് കന്യാകുമാരിക്ക് പോകുന്ന ഒരു ബസ്സില്‍ കയറി. സമയം ഏതാണ്ട് പതിനൊന്നര ആയിക്കാണും. ബസ്സില്‍ ഏതോ ഒരു തമിഴ് പടം ഓടുന്നു. അതും കണ്ടുകൊണ്ടു ഞാന്‍ സമയം ചിലവഴിച്ചു. രണ്ട് മണി ആയപ്പോഴേക്കും കന്യാകുമാരിയില്‍ എത്തി.  എങ്ങോട്ട് പോകണമെന്നറിയാതെ ഞാന്‍ കുറച്ചു നേരം ബസ്സ്‌ സ്റ്റാന്‍ഡില്‍ തന്നെ ഇരുന്നു. പിന്നിടെപ്പോഴോ ഉറങ്ങിപ്പോയി. പുലര്‍ച്ചെ അഞ്ചര ആയപ്പോള്‍ എഴുന്നേറ്റു.  അവിടിവിടെ ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. ഒരു കടയില്‍ കയറി നല്ല ചൂട് കാപ്പി കുടിച്ചു. കടക്കാരനോട് നല്ല ലോഡ്ജ് എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി ആ ലോഡ്ജ് ലക്ഷ്യം വച്ചു നടന്നു. ചെക്ക്‌ ഇന്‍ ചെയ്തു ഫ്രഷ്‌ ആയി പുറത്തിറങ്ങി. തര്‍പ്പണം നടത്തുന്ന സ്ഥലം അന്വേഷിച്ചു നടന്നു. ഉദയസുര്യന്‍  ഉപ്പ് കലര്‍ന്ന കാറ്റിലൂടെ കിരണങ്ങള്‍ എന്റെ നേരെ തൊടുത്തു കൊണ്ടേയിരുന്നു. കടലിരമ്പങ്ങള്‍, കിളികൂജനങ്ങള്‍ ഇതല്ലാതെ വേറെ ഒരു ശബ്ദവും കേള്‍ക്കാനില്ല. അല്‍പ്പ സമയത്തിനുള്ളില്‍ പ്രസിദ്ധമായ ദേവി ക്ഷേത്രത്തില്‍ നിന്നും സുപ്രഭാതം മൈക്ക് സെറ്റിലൂടെ മുഴങ്ങുന്നത് കേട്ടു തുടങ്ങി. അവിടെ ചെന്ന് കര്‍മ്മികളുടെ സഹായത്തോടെ ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി.
 തിരുവള്ളുവരിന്റെ പ്രതിമക്കു മുന്നില്‍ കുറച്ചു സമയം അങ്ങനെ നിന്നു. സഞ്ചാരികള്‍ ബോട്ട് പിടിക്കാനുള്ള തിരക്കിലാണ്. വിവേകാനന്ദപ്പാറ ദര്‍ശിക്കാന്‍. ഞാന്‍ പോയില്ല. നുരഞ്ഞു പതഞ്ഞു വരുന്ന തിരമാലകളില്‍ കാലുകള്‍ നനച്ചു ഞാന്‍ ആ തീരത്തുകൂടി നടന്നു. 
  പല സന്ദര്‍ഭങ്ങളിലും ഞാന്‍ എന്റെ ഭൂതകാലത്തെ മറന്നിട്ടുണ്ട്‌. മറവി നല്ലത് തന്നെ. പക്ഷെ, ജീവിതത്തില്‍ നടന്നിട്ടുള്ള നല്ല കാര്യങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കാറില്ല ഞാന്‍ . എങ്കിലും ഞാന്‍ മറന്നു. അമ്മയുടെ ആഗ്രഹങ്ങള്‍, വാക്കുകള്‍, എന്തിനേറെ പറയണം;  അമ്മയെ തന്നെ മറന്നില്ലേ? മനസ്സിലെ കനലുകള്‍ അണയുന്നില്ല. എന്ത് പറ്റി എനിക്ക്? അമ്മ, കുടുംബം, എല്ലാം മറന്നിരിക്കുന്നു.  അച്ഛന്‍ കൂടെ താമസിക്കുന്നത് കൊണ്ട് കടമകള്‍ ഓര്‍ക്കുന്നു. അച്ഛനും കൂടെ ഇല്ലായിരുന്നെങ്കില്‍ അനാഥന്‍ എന്ന് തന്നെ പറയാം. രക്തബന്ധങ്ങളിലുള്ള ആരുമായി തനിക്കു ഇപ്പൊ ഒരു ബന്ധങ്ങളും ഇല്ല. ഒരു ഫോണ്‍ കാള്‍, കുടുംബവീടുകളില്‍ ഒരു സന്ദര്‍ശനം, അങ്ങനെ ഒരു ശീലവും ഇല്ല. വിശേഷ ദിവസങ്ങള്‍, കുടുംബ സംഗമം, കല്യാണം ഒന്നിനും താനൊരു അതിഥി ആകാറില്ല. എന്തുകൊണ്ട്? എനിക്ക് തന്നെ ഉത്തരം കിട്ടാത്ത ചോദ്യം ആയിരുന്നു അത്. ഉറ്റവരും ഉടയവരും ഇപ്പൊ തന്നെ തിരിഞ്ഞു നോക്കാറില്ല. അച്ഛന്‍ എന്നാ ഒരു കണ്ണി മാത്രം, കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ എങ്ങനെയോ അറിഞ്ഞു പോരുന്നു.
   ഉദയാസ്തമയം കഴിയുന്നത്‌ വരെ ഞാന്‍ ആ തീരം വിട്ടു പോയില്ല. വഴിയെ വന്ന കപ്പലണ്ടി, പൊരി, ഇതെല്ലാമായിരുന്നു പകലിലെ എന്റെ ഭക്ഷണം. വിശപ്പ്‌ തോന്നിയില്ല. മനസ്സിന്റെ നീറ്റല്‍ ഇപ്പോഴും മാറിയിട്ടില്ല. ഇന്നലെ കണ്ട ദുസ്വപ്നം, മനസ്സിലെ മുറിവുകള്‍ എല്ലാം വേട്ടയാടിക്കൊണ്ടിരുന്നു. ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ തിരശീലയിലെന്ന പോലെ പലതവണ മനസ്സില്‍ തെളിഞ്ഞു.
  പരശുരാമന്‍ മഴു എറിഞ്ഞുണ്ടാക്കിയ തീരം അതിന്റെ രണ്ടറ്റവും ഇപ്പൊ ഞാന്‍ ദര്‍ശിച്ചിരിക്കുന്നു. ഗോകര്‍ണ്ണം ഇപ്പൊ ഇതാ കന്യാകുമാരി. ഗോകര്‍ണ്ണത്ത് പോയത് സുഹൃത്തുക്കളുടെ കൂടെ ആര്‍ത്ത് ഉല്ലസ്സിക്കാനായിരുന്നെങ്കില്‍ ഇവിടെ വന്നത് സമാധാനത്തിനു വേണ്ടി.
  ഇരുട്ടുന്നതിനു മുന്‍പേ ഞാന്‍ ട്രെയിന്‍ കയറി. മംഗലാപുരം വരെ പോകുന്ന ട്രെയിന്‍. മംഗലാപുരത്തേക്ക് തന്നെ ടിക്കറ്റ്‌ എടുത്തു. തിരുവനന്തപുരത്ത് നിന്ന് എന്റെ കൂടെ അടുത്ത സീറ്റില്‍ നാല് പോലീസുകാരുണ്ടായിരുന്നു മൂന്ന് വനിതാ കോന്‍സ്ടബിള്‍സ്, ഒരു ഇന്‍സ്പെക്ടര്‍. അവരുടെ അടുത്തായി ഒരു മദ്ധ്യവയസ്സ്ക്ക ഇരിക്കുന്നു. തടവുകാരിയാണ്‌. എന്ത് കുറ്റം? ആര്‍ക്കറിയാം? ചോദിക്കണമെന്നുണ്ട് , ആരോട് ചോദിക്കും? ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോഴേക്കും വിവരങ്ങള്‍ കിട്ടി. മനുഷ്യമാനസ്സക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്ത‍.

  സ്വന്തം ഭര്‍ത്താവിനെ കൊന്നതിനു 6 വര്‍ഷം കഠിന തടവ്‌അനുഭവിക്കുന്നു. ഇപ്പൊ സ്വന്തം ദേശമായ കണ്ണുരിലേക്ക് കൊണ്ട് പോകുന്നു. മകളുടെ ഓര്‍മ്മദിവസം ആണത്രേ.?? കഷ്ടം. മകളും നഷ്ടപ്പെട്ടു. എങ്ങനെ? അത് അതിലും ക്രൂരം. സ്വന്തം മകളാണെന്ന ചിന്ത ഇല്ലാതെ ആ നരാധമന്‍ തന്റെ കാമം കൌമാരക്കാരിയായ മകളില്‍ തീര്‍ത്തു. ഞാന്‍ ആ സ്ത്രീയുടെ മുഖത്തേക്ക് വീണ്ടും നോക്കി. ആ കണ്ണില്‍ വികാരങ്ങളില്ല, കണ്ണുനീരില്ല. ഓടുന്ന ട്രെയിനിന്റെ ജനാലയിലൂടെ ഇരുട്ടിലേക്ക് അലക്ഷ്യമായി ഇമ ചിമ്മാതെ നോക്കിയിരിക്കുന്നു. എല്ലാം എരിഞ്ഞൊടുങ്ങി വെറും ചാമ്പല്‍ക്കൂംബാരം മാത്രം കാണാം ആ കണ്ണില്‍. പക്ഷെ എങ്കിലും പ്രതീക്ഷയുടെ പുഞ്ചിരി ആ ചുണ്ടില്‍ നിഴലിക്കുന്നു. മകനെ കാണാനുള്ള ആഗ്രഹം ആണത്രേ അത്. ആ സ്ത്രീക്കും നലെയില്‍ പ്രതീക്ഷ. മകനില്‍ പ്രതീക്ഷ.  എന്റെ മനസ്സ് വീണ്ടും വീണ്ടും അസ്വസ്ഥമാകുന്നു. അലഞ്ഞു കൊണ്ടേയിരിക്കുന്നു. ഞാനും, എന്തിനോ വേണ്ടി?
രാവിലെ 5 മണിയോടെ അവര്‍ കണ്ണൂരില്‍ ഇറങ്ങി. ഞാന്‍ ആ സ്ത്രീയെ കുറിച്ചോര്‍ത്തു. സ്വന്തം ജന്മത്തെഎത്രമാത്രംഅവര്‍ ശപിക്കുന്നുണ്ടാകും. അതോ നാളെയുടെ പ്രതീക്ഷയില്‍ അവര്‍ സമാധാനിക്കുന്നുവോ? അവരും ഒരമ്മ അല്ലെ. മരിച്ചു ജീവിക്കുന്ന ഒരമ്മ. പുരുഷന് കാമം മാത്രമാണോ ഇച്ഛ. ഇവര്‍ വെറും 100 യാത്രക്കാരില്‍ ഒരുവള്‍. പലരെയും പരിചയപ്പെട്ടു.
   മക്കള്‍ തെരുവിലെക്കെറിഞ്ഞ ഒരു വൃദ്ധന്‍. ജനിച്ചു വീണപ്പോള്‍ മുതല്‍ അനഥാലയത്തില്‍ വളര്‍ന്ന്‍, എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു യുവാവ്‌, യുദ്ധത്തില്‍ കാല് നഷ്ടപ്പെട്ട ഒരു വിമുക്തഭടന്‍. വികലാംഗയായ ഒരു സര്‍കാര്‍ ഉദ്യോഗസ്ഥ. ഇവരുടെ ആരുടേയും മുഖത്ത് ഞാന്‍ പക്ഷെ ഈ നഷ്ടങ്ങളുടെ ദുഃഖച്ചുഴികള്‍ കണ്ടില്ല. എല്ലാവരും ത്രിപ്തര്‍. ജീവിതത്തെ പ്രതീക്ഷയോടെ നോക്കുന്നു.നാളെയുടെ പ്രതീക്ഷയെ അവര്‍ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുന്നു. എനിക്ക് മനസ്സ് വീണ്ടും പിടക്കുന്നു. അലയുന്നു, ഞാനും...!!! എന്തിനോ വേണ്ടി?
    ഞാന്‍ ഇവരെല്ലാവരെക്കാള്‍ എത്രയോ ഭേദം, എന്നിട്ടും എന്തിനോ വേണ്ടിയുള്ള ദേശാടനം. ആരോടും പറയാതെ വീട്ടില്‍  നിന്നിറങ്ങിയ ഞാന്‍ കഴിഞ്ഞ 3 ദിവസമായി തെക്കും വടക്കും യാത്ര ചെയ്യുന്നു. കൂടുതല്‍ സമാധാനം നഷ്ടപ്പെട്ടു എന്നല്ലാതെ കുറഞ്ഞതൊന്നും ഇല്ല. മംഗലാപുരത്ത് നിന്ന്ബസ്സ്‌ പിടിച്ചു. “ അമ്മേ..!! മൂകാംബികേ ശരണം.!! “ മനസ്സില്‍ ഉരുവിട്ട് കിണ്ട് കൊല്ലൂര്‍ വരെ ഉള്ള യാത്ര.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. എന്റെ അടുത്തിരിക്കുന്നത് ഒരു മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധന്‍ എന്നെ കുറെ നേരമായി ശ്രദ്ധിക്കുന്നു. നരച്ച് നീട്ടി വളര്‍ത്തിയ താടിയും മുടിയുമായി ഒരു സന്യാസരൂപന്‍. താടിക്കും മീശക്കും ഇടയിലൂടെ ഉള്ള മന്ദഹാസം വളരെ തേജസ്സുറ്റതായിരുന്നു. അദ്ദേഹം ചോദിച്ചു.

“ എങ്ങോട്ടാ? “
“മൂകാംബിക”
“ഉം”

“എവിടുന്നു വരുന്നു.”
“ശബരിമലക്ക് പോയിരുന്നു, പിന്നെ കന്യാകുമാരി, ഇപ്പൊ മൂകാംബിക.”
“എത്ര വയസ്സായി?” വൃദ്ധന്‍ ചോദിച്ചു.
“30 ആകുന്നു.”

“ഈ യാത്രയുടെ ഉദ്ദേശം?”
“ കുറെ കാലത്തേ ഒരു ആഗ്രഹം, പിന്നെ ഒന്ന് റിഫ്രെഷ് ആകാമെന്ന് കരുതി. ലൈഫിലെ ഈ തിരക്കുകളില്‍ നിന്ന് കുറച്ചു ദിവസത്തേക്ക് ഒരു അവധി.” ഞാന്‍ പറഞ്ഞു.

“കല്യാണം കഴിഞ്ഞോ?”
എന്റെ മനസ്സില്‍ സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ഇതെല്ലം ഈ വൃദ്ധന്‍ എന്തിനു ചോദിക്കുന്നു.
“ ഇല്ല”
“വീട്ടില്‍ ആരൊക്കെ ഉണ്ട്?”
“അച്ഛന്‍ മാത്രം”
“ അച്ഛന് എത്ര വയസ്സായി?”
“ 65 കഴിഞ്ഞു”
“ അച്ഛന്‍ എന്ത് ചെയ്യുന്നു?”
“ റിട്ടയേര്‍ഡ്‌ ആയി. ഇപ്പൊ ബംഗ്ലൂരിലെ ഒരു അയ്യപ്പക്ഷേത്രത്തില്‍ അംഗമാണ്. ഇപ്പോഴും തിരക്കിലാണ്. ഞങ്ങള്‍ തമ്മില്‍ കാണുന്നത് തന്നെ വീകെണ്ട്സില്‍ ആണ്.“
“ ഓഹോ” വൃദ്ധന്‍ ഒന്നിരുത്തി മൂളി.
“ എത്ര ദിവസത്തെ ലീവ് ഉണ്ട്.?”
“ 10 ദിവസം.”
“ ഈ കഴിഞ്ഞ 6 ദിവസവും യാത്ര തന്നെ ആയിരുന്നോ?”
“ അതെ”

“അച്ഛനെ ഒറ്റക്കിട്ടു ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ മനസ്സ് റിഫ്രെഷ് ആകുമോ?”
ഞാന്‍ പാമ്പിന്റെ വായിലകപ്പെട്ട തവളയെ പോലെ ഇരുന്നു.
വൃദ്ധന്‍ തുടര്‍ന്നു “ താന്‍ ഇങ്ങനെ തോന്നിയ പോലെ യാത്ര ചെയ്താല്‍ എല്ലാം ശരിയാകുമോ? മനസ്സ് റിഫ്രെഷ് ആകണോ, എങ്കില്‍ കടമകള്‍ തീര്‍ക്കണം. അത് തീര്‍ത്താല്‍ താനേ മനസ്സു തണുക്കും. കടമകള്‍ കൂടുമ്പോള്‍ മനുഷ്യന് ഉണ്ടാകുന്ന ഒരുതരം ചിന്തകള്‍ ആണ് ഈ യാത്രകള്‍ എല്ലാം. ആദ്യം സ്വന്തം ജീവിതത്തെ സ്നേഹിച്ചു പഠിക്കു, അപ്പൊ താനേ മനസമാധാനം കിട്ടും. അല്ലാതെ ഈ പ്രായത്തില്‍ ഇങ്ങനെ കപടഭക്തിയുമായി  നടക്കുകയല്ല വേണ്ടത്. ക്ഷേത്രങ്ങളില്‍ പോകണം, പക്ഷെ അത് പോസിറ്റീവ് എനര്‍ജി കിട്ടാന്‍ വേണ്ടി ആകണം. അല്ലാതെ ശബരിമലക്കും, കന്യാകുമാരിക്കും, ഗുരുവായൂരും പോയിട്ട് കിട്ടാത്ത സുഖം തനിക്കു മൂകാംബികയില്‍ പോയിട്ട് എവിടെ കിട്ടാന്‍?”
  ഒന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല. എല്ലാം കേട്ടപ്പോള്‍ സമാധാനമായി. ഇതിലും കൂടുതല്‍ കേള്‍ക്കേണ്ടവനാണ് ഞാന്‍. സന്തോഷം. ഏതായാലും തുടങ്ങി വച്ച യാത്ര പൂര്‍ത്തിയാക്കി മൂകാംബികയിലും തൊഴുതു ഞാന്‍ നേരെ വീട്ടിലേക്ക്‌ മടങ്ങി. മടങ്ങുമ്പോള്‍ ആ വൃദ്ധന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുണ്ടായിരുന്നു. എല്ലാ അമ്പലങ്ങളിലും പോയി ശല്യപ്പെടുത്തിയത് കൊണ്ടായിരിക്കും, ദൈവം ആ വൃദ്ധന്‍റെ രൂപത്തില്‍ വന്ന്‍ പറഞ്ഞത്.
“ എടോ, കൂടുതല്‍ ശല്യപ്പെടുത്താതെ.. നിന്റെ കാര്യം ഞാന്‍ പരിഗണിക്കുന്നുണ്ട്. അതിനു ഇങ്ങനെ എല്ലാ വാതിലിലൂടെയും, ജനലിലൂടെയും വന്നു പല്ലിളിച്ചു കാണിക്കാതെ..!! ആദ്യം നിന്നെ ഭൂമിയിലേക്ക്‌ അയച്ചത് ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാ... അത് മര്യാദക്ക് ചെയ്യ്. ബാക്കി ഞാന്‍ ഏറ്റു..!! “

ഇപ്പോഴും ഞാന്‍ എന്റെ ദേശാടനം തുടരുന്നു. കര്മ്മബന്ധങ്ങളും, രക്തബന്ധങ്ങളും, ജീവിതകര്‍മ്മങ്ങളും യഥാവിധി കഴിവിന്റെ പരമാവധി നിര്‍വഹിച്ചു മനസമാധാനം തേടിയുള്ള ദേശാടനം.!!