Wednesday, March 6, 2013




പുനര്‍ജ്ജന്മം.
==================================================================


   മലീമസമായ അറയില്‍ നിന്നും എന്നെ പുറത്തെടുക്കുമ്പോള്‍ എന്‍റെ ദേഹമാസകലം ചോരയായിരുന്നു..!! പുറത്ത് നല്ല തണുപ്പ്..!! പ്രാണവേദന സഹിച്ച ഒരു സ്ത്രീയുടെ കിതപ്പ് ഞാന്‍ കേട്ടൂ...!! എന്‍റെ ചുറ്റും ശുഭ്ര വസ്ത്രധാരികള്‍ മൂക്കും വായും മൂടി നില്‍ക്കുന്നു...!! അതിലൊരാള്‍ തലകീഴായി തൂക്കി എന്‍റെ ചന്ദിക്ക് ഒരു അടി..!! വേദന കൊണ്ട് പുളഞ്ഞു ഞാന്‍ ആര്‍ത്തു നിലവിളിച്ചു..! കട്ടിലില്‍ കിടന്നു കിതക്കുന്ന സ്ത്രീയുടെ കണ്ണിലും അശ്രു... പക്ഷെ ചുണ്ടില്‍ തെളിഞ്ഞ ചിരിയും...!! “വട്ടാണല്ലേ....” ഞാന്‍ ചോദിയ്ക്കാന്‍ ശ്രമിച്ചു.. പക്ഷെ എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല ... വാക്കുകള്‍ മറന്നുപോയിരിക്കുന്നു..!! വീണ്ടും ആര്‍ത്തു കരഞ്ഞു...! അത് മാത്രമേ എനിക്ക് അപ്പൊ കഴിയുമായിരുന്നുള്ളൂ..
    ശരീരം പൊള്ളുന്ന ഒരു ചെറിയ ഓര്‍മ്മ മാത്രമേ എനിക്കുള്ളൂ. പിന്നിട് ഞാന്‍ എപ്പോ ഈ അറയില്‍ എത്തി? അറിയില്ല.. ദൈവത്തിന്റെ ഓരോ കളി.. ഈ ഓര്‍മകളില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍.. ഒരു നേര്‍ത്ത തുണിയില്‍ എന്നെ പുതപ്പിച്ചു ആ സ്ത്രീയുടെ അരികില്‍ കിടത്തി.. ശുഭ്രവസ്ത്രധാരികള്‍ക്ക് നന്ദി. എനിക്ക് തണുക്കുന്നെന്നു അവര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ സ്ത്രീയുടെ ചൂട് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
   ഇനി മനുഷ്യന്റെ അടുത്ത ആവശ്യം “ശാപ്പാട്”. നല്ല ചിക്കനും പോത്തും എല്ലാം കഴിച്ചാല്‍ കൊള്ളാമെന്നായി , വീണ്ടും ഞാന്‍ ഞെട്ടി. എന്‍റെ പല്ലുകള്‍ എവിടെ? ഞാന്‍ എഴുന്നേറ്റ് കണ്ണാടിക്കരികെ പോകാന്‍ ശ്രമിച്ചു. ഇതെന്തു മറിമായം എനിക്ക് അതിനും പറ്റുന്നില്ല. വീണ്ടും ദേഷ്യം. സര്‍വ സ്വതന്ത്രനായി നടന്ന എനിക്ക് വിധിച്ചത് ഇതെന്താണ്?? എന്താണ് എനിക്ക് സംഭവിച്ചത്. ഞാന്‍ ഉറക്കെ അലറി. ആ സ്ത്രീ പക്ഷെ എന്നെ അവരുടെ മാറോടണച്ചു. മുലയൂട്ടി. “ഹേ.. സ്ത്രീ നിങ്ങള്ക്ക് ലജ്ജയില്ലേ ..??? ഞാന്‍ പുരുഷനാണ് നിങ്ങള്‍ ഈ ചെയ്യുന്നത് പതിവ്രതക്ക് ചേര്‍ന്നതോ??” എന്‍റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു...!! അവര്‍ പറയുന്നത് ഞാന്‍ കേട്ടു. “അമ്മയുടെ പൊന്നുമോന്‍ പാല് കുടിക്ക്.” ഞാന്‍ ഞെട്ടി .. തിരിച്ചറിഞ്ഞു..!! ഇതെന്റെ പുനര്‍ജ്ജന്മം. അതെ..  ഇന്നലെ വരെ എന്താണെനിക്ക് സംഭവിച്ചത് ? എന്‍റെ പേരെന്തായിരുന്നു.? ഒന്നുമെനിക്ക് ഓര്‍മ്മയില്ല...
  ഏറെ സമയത്തിന് ശേഷം വളരെ പരിചയമുള്ള പുരുഷഗന്ധം.. “ എടാ.. നിന്റെ അച്ഛനാടാ ഞാന്‍.. എന്‍റെ മുത്തേ” അതെ ഞാന്‍ ഇയാളുടെ അടുത്ത് കിടന്നിട്ടുണ്ട്. പക്ഷെ എന്‍റെ ചുറ്റും ഇരുട്ടായിരുന്നു. ഈ ശബ്ദം മാത്രം കേള്‍ക്കാം. ഞാന്‍ കിടന്ന അറയുടെ പുറം പാളികളില്‍ ഇയാള്‍ ചുംബിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ സ്നേഹം ഞാന്‍ അറിഞ്ഞിട്ടുണ്ട്. അപ്പോള്‍ ആ അറ ഈ സ്ത്രീയുടെ ഗര്‍ഭപാത്രമോ? ഇവര്‍ എന്‍റെ അമ്മയോ? അപ്പൊ ഇന്നലെ  വരെ എന്‍റെ അമ്മ ആരായിരുന്നു.?  എനിക്ക് ഓര്‍മ്മയില്ല. ഒന്ന് മാത്രം ഓര്‍മ്മ... ഇവര്‍ എന്നെ പ്രസവിച്ചിരിക്കുന്നു. എന്‍റെ പുതിയ അമ്മ. പഴയത് ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ പറ്റുന്നില്ല.
    ഒരുകണക്കിന് അതായിരിക്കും നല്ലത്. പോയജന്മത്തിലെ പാപങ്ങള്‍ എന്തിന് ഓര്‍ത്തെടുക്കണം. അന്ന് ഞാന്‍ ഒരാഭാസനായിരുന്നെങ്കില്‍? ലോകത്തിനും കുടുംബത്തിനും വേണ്ടാത്ത ഒരു താന്തോന്നി ആയിരുന്നെങ്കില്‍.? ആര്‍ക്കറിയാം.. ? ആരും സാക്ഷിയില്ലല്ലോ.? ഇപ്പൊ ഞാന്‍ ഈ ലോകത്തില്‍ തികച്ചും പുതിയമുഖം. ആരും സാക്ഷി പറയാനും കുറ്റം പറയാനും ഇല്ല.
 അമ്മയുടെ സ്നേഹക്കൂട്ടില്‍ പാലും കുടിച്ച് നിദ്രയിലേക്ക് വഴുതിവീഴവേ... ഞാന്‍ ഒരു അപരിചിതന്റെ ജീവിതം സ്വപ്നം കണ്ടു. ഭയാനകം.
    ആരംഭത്തില്‍ അയാള്‍ 20 വയസ്സുകാരന്‍. കലാലയത്തിലെ സര്‍വശക്തന്‍. പക്ഷെ എന്നോ ആ അധികാരം അവന്റെ ചിന്തകളെ മാറ്റി മറിച്ചു. അവനു ഭയം ഇല്ലാതായി. സഹജീവികളോടുള്ള സ്നേഹം അവന്‍ മറന്നു. അമ്മ അച്ഛന്‍ എല്ലാവരെയും അവന്‍ വേദനിപ്പിച്ചു. നാട് നീളെ അവനു ശത്രുക്കള്‍. പണത്തിനു വേണ്ടി കൊല്ലുന്ന സംഘത്തലവനായി. ചോരകണ്ട്  അറപ്പ് വരാത്ത ജന്മം. അവനെക്കാള്‍ ഭേദം മൃഗം എന്ന് സമൂഹം പറഞ്ഞു. അവനെ ജീവനോടെ നിര്‍ത്തിയത് സമൂഹത്തിനു അവനോടുള്ള പേടി ആയിരുന്നു. അതായിരുന്നു അവന്റെ ധൈര്യവും. സ്ത്രീ അവനു കാമം തീര്‍ക്കാനുള്ള വെറും ഒരുപകരണം. വയസ്സറിയിക്കാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും അവന്‍ വെറുതെ വിട്ടില്ല.
അവനെ പെറ്റ വയറു എത്രയോ ശാപം ഏറ്റുവാങ്ങിയിറ്റുണ്ടെന്നറിയില്ല. ചൂത്, മദ്യം, ലഹരി എല്ലാം അവനു ശീലമായിരുന്നു. പിന്നിടെപ്പോഴോ ഒരു വേശ്യയെ തന്നെ അവന്‍ ഭാര്യ ആക്കി. അവര്‍ക്കൊരു പെണ്‍കുഞ്ഞു പിറന്നു. അതൊന്നും അവനറിയില്ലായിരുന്നു. അവന്റെ ഭാര്യയും അവനു വെറും രതിഭോഗതിനുള്ള വസ്തു. 3 മാസം ഒന്നിച്ചു ഒരു കൂരക്കുള്ളില്‍ കഴിഞ്ഞെന്നല്ലാതെ പിന്നിട് അവന്‍ അവരെ കണ്ടിട്ടില്ല. ഒടുവില്‍ പ്രായം തികയാത്ത സ്വന്തം മകളെയും അയാള്‍ പിച്ചി ചീന്തിയപ്പോള്‍ അയാള്‍ക്ക് സ്വഭോധം നഷ്ടപ്പെട്ടിരുന്നു. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? എല്ലാം ലഹരി ആയിരുന്ന അയാള്‍ക്ക് സ്വന്തം ചോര ഏതെന്നു തിരിച്ചറിയാന്‍ പറ്റാതെ പോയി. ഒടുവില്‍ തെരുവുപട്ടിയെ പോലെ സ്വന്തം അമ്മയും ഭാര്യയും ഉടയവരും ചേര്‍ന്ന് കല്ലെറിഞ്ഞു ഓടിക്കുമ്പോള്‍  ആ സമൂഹവും പങ്കുചേര്‍ന്നു. നഗരത്തിന്റെ നടുവിലുള്ള കുപ്പത്തൊട്ടിയില്‍ തിരിച്ചറിയാത്ത ഒരു ശവമായി അവന്‍ മാറിയപ്പോള്‍ തെരുവുപ്പട്ടികള്‍ പോലും അവന്റെ ശവത്തിന്റെ അടുത്ത് ചെല്ലാന്‍ അറച്ചു. ചോര ചിന്നിച്ചിതറി. രണ്ടു കണ്ണുകളും ആ ശരീരത്തില്‍ നിന്ന് അടര്‍ന്നു വീണിരുന്നു. വയറു പിളര്‍ന്നു കുടല്‍മാല പുറത്തു ചിതറി കിടക്കുന്നു. ഈച്ചകള്‍  ചോര നുണയന്‍ വെമ്പല്‍ കൊണ്ടു.
 ഉറക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടിയെണീറ്റു കരഞ്ഞു. എന്‍റെ അമ്മ പിന്നെയും പറഞ്ഞു “ എന്‍റെ വാവക്ക് വിശക്കുന്നുണ്ടോ?” അമ്മയുടെ സ്നേഹം പാലായി ഞാന്‍ രുചിക്കുമ്പോള്‍ എനിക്ക് സമാധാനമുണ്ടായിരുന്നു. പക്ഷെ എന്‍റെ മനസ്സിലെ ചോദ്യം ഇതായിരുന്നു. അതെന്റെ കഴിഞ്ഞ ജന്മം ആയിരുന്നോ? അത് ഞാനായിരുന്നോ? എങ്കില്‍ എനിക്ക് വളരേണ്ട.... എനിക്ക് വലുതാകേണ്ട.. എനിക്ക് പുറംലോകം കാണേണ്ട. ഈ അമ്മമരത്തിന്‍റെ തണലും പറ്റി ജീവിച്ചാല്‍ മതി. മനസ്സ് കൊണ്ട് ഞാന്‍ എന്‍റെ പുതിയ അമ്മയോട് പറഞ്ഞു. “ അമ്മേ, പോയ ജന്മത്തിലെ പാപങ്ങള്‍ എനിക്ക് ഈ ജന്മത്തില്‍ അനുഭവിക്കണമെങ്കില്‍ അത് വേണ്ട.. എന്നെ ഒന്ന് കൊന്നു തരുമോ?? അതിലും വലിയൊരു ശാപമോക്ഷം എനിക്കില്ല.. അമ്മേ... അമ്മേ... ” പാവം, തന്റെ പ്രാണനെ ആ സ്ത്രീ എങ്ങനെ ത്യജിക്കും???