Monday, July 15, 2013




     നിള..!!!

    നിള...!! ആനമലയിലെ കാടുകളില്‍ എന്തെന്നറിയാത്ത വീര്‍പ്പുമുട്ടലായിരുന്നു അവള്‍ക്ക്. സ്വച്ഛമായി ഒഴുകാന്‍ അവള്‍ക്കിടമില്ല. പാതകളിലെ കല്ലുകളിലും മുള്ളുകളിലും മരങ്ങളിലും തട്ടി അവള്‍ക്ക് മുറിവേല്‍ക്കുന്നുണ്ടായിരുന്നു. അവളുടെ കൂട്ടുകാരി ആദിവാസി കോളനിയിലെ മൈനക്കും അത് തന്നെ ഗതി. തന്റെ ജന്മദേശത്തെ കളിക്കൂട്ടുകാരിക്ക് അധികം സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവള്‍ പുരുഷന് അടിമയായിരുന്നു. ഉടുക്കാന്‍ നല്ല ഉടുപ്പില്ല. നാണം മറയ്ക്കാന്‍ അവള്‍ നന്നേ കഷ്ടപ്പെട്ടിരുന്നു. അന്ധവിശ്വാസങ്ങളും ആചാരങ്ങളും ആയിരുന്നു അവള്‍ക്ക് കൂട്ടിനു. ദുഖഭാരം ഏറുമ്പോള്‍ തന്റെ കൂട്ടുകാരിയുടെ അരികില്‍ ഇരുന്നു കരയും. സാന്ത്വനിപ്പിക്കാന്‍ തന്റെ കുളിര്‍ കരങ്ങള്‍ കൊണ്ട് മൈനയുടെ കാലുകള്‍ തഴുകി തലോടും. മൈനക്കും അത് ആശ്വാസമായിരുന്നു. ആ കുരുന്ന് ലോകം പ്രകൃതി എന്തെന്ന് അറിയുന്നതിന് മുന്‍പേ ഒരു പുരുഷന് അടിമയാകേണ്ടി വന്നു. അവന്റെ ആണത്വം ആ പിഞ്ചു ശരീരവും മനസ്സും താങ്ങിയില്ല. നിളയോട് മൈന പറഞ്ഞു.
“നീ രക്ഷപ്പെട്ടോ.. ഇല്ലെങ്കില്‍ നിന്നെയും ഇവര്‍ പിച്ചിചീന്തും. എന്നെയും കൂടെ കൊണ്ട് പോകു.”
100 അടി മുകളില്‍ നിന്നും അമ്മയുടെ മടിയിലേക്ക്‌ വീണ് കളിക്കുന്ന നിളയുടെ കൂടെ മൈനയും എടുത്തു ചാടി. പാവം ഭൂമി ദേവി ആരെ രക്ഷിക്കും.  എന്തിരുന്നാലും മൈനയുടെ ചോരക്കറ പുരണ്ട് നിള  ആ കാട്ടിലൂടലഞ്ഞു. ജനനി അവളുടെ കൂടെ തന്നെ ഉണ്ട്.
   പടിഞ്ഞാറന്‍ മലകളുടെ അടിവാരത്ത് അവള്‍ പട്ടണത്തില്‍ എത്തിയപ്പോഴേക്കും അവള്‍ കൗമാരക്കാരി ആയിരുന്നു. അവളുടെ സൗന്ദര്യം കല്‍പ്പാത്തി ഗ്രാമത്തിന്റെ പ്രിയങ്കരി ആക്കി മാറ്റി. കല്പ്പാത്തിയിലും അവള്‍ക്ക് ഒരു കൂട്ടുകരിയുണ്ടായി. പങ്കജം. അവളും പതിനേഴിന്റെ തുടിപ്പില്‍ ആ ഗ്രാമത്തില്‍ നിറഞ്ഞു നിന്നു.
    ഒരിക്കല്‍ പങ്കജവും നിളയുടെ കരയിലിരുന്ന്‍ കരഞ്ഞു. ഇത്രയും കാലം കല്‍പ്പാത്തി വരെ ഒഴുകി വെയിലേറ്റ ക്ഷീണമോ എന്തോ, നിളയുടെ കരങ്ങള്‍ പങ്കജത്തെ തഴുകിയപ്പോള്‍ ഇളം ചൂട് പങ്കജത്തിന് അനുഭവപ്പെട്ടു.
 “ നിളേ.... എന്നെയും കൂട്ടുമോ നിന്റെ കൂടെ? ഇനി ഞാന്‍.... എനിക്ക് ഇവിടെ ജീവിക്കാന്‍ പറ്റില്ല. കൂട്ടുകാര്‍ എന്ന് വിശ്വസിച്ചവര്‍ എല്ലാം എന്നെ ചതിച്ചു. ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന്റെ മാനം എന്തെന്ന് അറിയൂ. പക്ഷെ ഇവിടെ എന്‍റെ കൂട്ടുകാരികള്‍ തന്നെ എന്നെ ചതിച്ചു. അവര്‍ എന്നെ വിറ്റു. പ്രണയവും കാമവും എന്തെന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല. മനുഷ്യരെ വിശ്വസിക്കാന്‍ പറ്റില്ല. ആണായാലും പെണ്ണായാലും. നിനക്കെന്നെ ഇവിടെ നിന്ന് രക്ഷിച്ചുകൂടെ.?”
 നിള അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.ഒന്നും മിണ്ടാതെ പങ്കജത്തിനെ അവള്‍ മടിയില്‍ കിടത്തിയുറക്കി. ആരോടെന്നില്ലാത്ത ദേഷ്യം നിള ആ ഗ്രാമത്തിനോട്‌ നിള കാണിച്ചു. പിന്നീട് പങ്കജത്തിനേയോ, നിളയുടെ സൌന്ദര്യത്തെയോ കല്‍പ്പാത്തി കണ്ടിട്ടില്ല. നിള വരണ്ടുണങ്ങിയ ഒരു കിഴവിയെ പോലെ ശരദ്ധിച്ചും വിസര്‍ജിച്ചും  തന്റെ പ്രതികാരം ആ ഗ്രാമത്തിനോട്‌ തീര്‍ക്കുന്നു.
   നിള ഒഴുകിയത് മനസ്സിന്റെ താളം വീണ്ടെടുക്കാനായിരുന്നു. തിരുവില്വാമലയില്‍ ദശരഥനന്ദനെയും, നാവാമുകുന്ദനെയും, ചമ്രവട്ടത്ത്  കലിയുഗവരദനെയും കണ്ടു. ഇവര്‍ എല്ലാവരും അവളോട്‌ പറഞ്ഞത്. പിതൃക്കളെ സ്മരിക്കുക. എന്നും അവള്‍ അത് മുടക്കാതെ ശ്രീരാമന്റെയും, നാവമുകുന്ദന്റെയും നടയ്ക്കല്‍ മുടങ്ങാതെ ചെയ്തു പോന്നു.
  ഇന്ന് അവള്‍ സ്ത്രീയാണ്. അതവളുടെ ശാപവുമായി. അവളെ പട്ടാമ്പിയിലും ഒറ്റപ്പാലത്തുമുള്ള ആണുങ്ങള്‍ വിലപറഞ്ഞിരിക്കുന്നു. അവളുടെ മാറിടവും നാഭിയും അവര്‍ പങ്കുവച്ചു. അവളുടെ മാനം മണല്‍ ലോറികളില്‍ തൂക്കി വില്‍ക്കപ്പെട്ടു. മരണത്തോടടുക്കുന്ന അവള്‍ ശേഷപ്രാണന്‍ കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഒഴുകി.
    അവള്‍ എത്തിയത് പൊന്നാനിയില്‍. പൊന്നാനിപ്പള്ളിയിലെ കുരുന്നു ആണ്‍തരികളുടെ കരച്ചില്‍ അവള്‍ക്ക് അസഹനീയമായിരുന്നു. ഒടുവില്‍ അവള്‍ എത്തിയത് ഒരു അറബിയുടെ മുന്‍പില്‍.
അപ്പോഴേക്കും അവള്‍ നിസ്സഹായ ആയി തീര്‍ന്നിരുന്നു. അവിടെ നിന്ന് കേട്ട കഥകള്‍ ഇതൊരു സ്ത്രീക്കും താങ്ങില്ല. കൗമാരം പോലും തികയാത്ത പെണ്‍തരികളെ അവര്‍ ഈ അറബികള്‍ക്ക് നിക്കാഹ് ചെയ്തു കൊടുക്കും. നിക്കാഹ് ഒരു ചടങ്ങ് മാത്രമായിരുന്നു. കാഴ്ച്ചവെയ്ക്കല്‍. വര്‍ഷത്തില്‍ എപ്പോഴെങ്കിലും പേര്‍ഷ്യയില്‍ നിന്ന് വരുന്ന പണത്തിന് വേണ്ടി. അത് ഊന്നി പിടിക്കാന്‍ ഒരു സമുദായവും. ഇവിടെ നിളയെയും രക്ഷിക്കാന്‍ ആരുമില്ല. പൊന്നാനിപ്പള്ളിയിലെ മോയിലിയാരോ, വേറെ ഹാജിമാരോ നിളയുടെ മതം മാറ്റിയോ? അറിയില്ല. പക്ഷെ അവളും അറബിയുടെ കരങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു.
  അവള്‍ക്ക് പക്ഷെ പേര്‍ഷ്യയില്‍ നിന്ന് ആരും ഒന്നും കൊടുക്കുന്നില്ല. വിഴുപ്പും ചപ്പും ചവറും പേറി ഇന്നും അവള്‍ ആ അറബിക്കാരന്റെ കരങ്ങളില്‍ കഴിയുന്നു. പക്ഷെ ആനമലയിലും, കല്പ്പാത്തിയിലും, ഒറ്റപ്പാലത്തും, പട്ടാമ്പിയിലും കിട്ടാത്ത സുഖം അവള്‍ക്ക് ആ അറബിയുടെ കരങ്ങളില്‍ കിട്ടുന്നുണ്ടാകാം.
       മരണത്തോടടുക്കുമ്പോഴും നിള ഓര്‍ത്തുവെക്കുന്നത് എന്താണെന്നു മാത്രം ഒരു കടങ്കഥ. തുഞ്ചന്‍ പറമ്പില്‍ തന്നെ നോക്കി പാടിയിരുന്ന തത്തയേയോ? കിള്ളിക്കുറിശിമംഗലത്തെ ഓട്ടംത്തുള്ളലോ? കുടല്ലൂരില്‍ തൂതയായി ഒഴുകിയപ്പോള്‍ തീരത്തിരുന്നു ഒരമ്മയെന്ന പോലെ തന്നെ സ്നേഹിച്ച കഥാകാരന്‍ പറഞ്ഞു കൊടുത്ത നാലുകെട്ടിനെയോ? അറിയില്ല. ചില കടങ്കഥകള്‍ക്ക് ഉത്തരം കിട്ടാറില്ല. സ്വയം ദുഃഖം പേറി മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അകറ്റിയത് കൊണ്ടാണോ തുഞ്ചന്‍പറമ്പിലെ കാരണവര്‍ അവളെ “ശോകനാശിനി” എന്ന് വിളിച്ചത്. പക്ഷെ മരണത്തോടടുക്കുമ്പോഴും നിള ചിരിക്കാറുണ്ട്, കരയാറുണ്ട്. ദേഷ്യപ്പെടാറുണ്ട്. അണയാന്‍ പോകുന്നതിനു മുന്‍പുള്ള ആളിക്കത്തല്‍ പോലെ...! അതെ നിള ഒഴുകുകയാണ്. ഒരു അഭിസാരികയെ പോലെ...!!



    

4 comments:

  1. ഒരു നല്ല തിരക്കഥ കൂടി എഴുതിച്ചേർത്താൽ ദൃശ്യവൽക്കരിക്കൻ പറ്റിയ നല്ലൊരു ത്രെഡ് ആണിത് .
    അഭിനന്ദനങ്ങൾ :)

    ReplyDelete
  2. കുറെ കൂട്ടിയും കിഴിച്ചും എഴുതിയതാണിത്... ഇതിനു മുന്പെഴുതിയത് ആരെങ്കിലും വായിച്ചിരുന്നെങ്കില്‍ വര്‍ഗ്ഗിയ ലഹള നടന്നേനെ...!! ഒരു സമുദായത്തെ മാത്രം അടച്ചു ആക്ഷേപിക്കേണ്ട എന്ന് കരുതി.!! സമൂഹവും ഭരണവും അവരെ അനുകൂലിക്കുന്നു എങ്കിലും.

    ReplyDelete
  3. അത് കഥാപാത്രങ്ങളും സംഭാഷണങ്ങളും അടങ്ങിയ ഒരു കഥ ആയിരുന്നു..!! ഭാഷയും പ്രയോഗവും കുറച്ചു കടന്നു പോയപ്പോള്‍ തിരുത്തി...!!

    ReplyDelete
  4. തിരുത്തിയത് നന്നായി. 🥰

    ReplyDelete